മുഖ്യമന്ത്രിയെ വെള്ളപൂശാൻ പോലീസ് അനധികൃതമായി ഇടപെട്ടു; സ്വപ്നയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിഡി സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ വെള്ളപൂശാൻ പോലീസ് അനധികൃതമായി ഇടപെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിൽ വെച്ച് സ്വപ്ന ശബ്ദരേഖ നൽകിയതിലൂടെ ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് പ്രതിയായ സ്ത്രീയുടെ പേരിൽ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണ്. മുഖ്യമന്ത്രിയെ ഈ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഉപയോഗിച്ചുകൊണ്ട് ഒരു വനിത പോലീസുകാരിയെ ചുമതലപ്പെടുത്തി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് പ്രതിയെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനവും നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി നിരപരാധിയാണ് എന്ന് തെളിയിക്കാനുള്ള ശ്രമമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

ലോക്കറിലുള്ള പണം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്മീഷൻ കിട്ടിയ തുകയാണ് എന്ന് വ്യക്തമായി. ലൈഫ് മിഷനിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് പറയാനുള്ളത് എന്തെന്ന് കാത്തിരിക്കുകയാണ്. മൂടിവെക്കപ്പെട്ട എല്ലാ സത്യങ്ങളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോൾ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.