തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. കേസ് കഴിഞ്ഞതിനു ശേഷം വിഷയത്തിൽ പ്രതികരണം നടത്താമെന്നാണ് ശിവശങ്കർ പറയുന്നത്. വിഷയത്തിൽ തുടക്കം താൻ സ്വീകരിച്ച നിലപാട് ഇതാണെന്നും ശിവശങ്കർ വ്യക്തമാക്കി.
സ്‌പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കറാണെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. കോൺസുലേറ്റിലെ കാര്യങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും എല്ലാദിവസവും ശിവശങ്കർ തന്റെ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിൽ പെട്ടതോടെ ഒളിവിൽ പോകാൻ നിർദ്ദേശിച്ചതും മുൻകൂർ ജാമ്യമെടുക്കാൻ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. താൻ കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ തയ്യാറായിരുന്നെങ്കിലും ശിവശങ്കർ വിളിച്ച് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന പറഞ്ഞു.
ആദ്യം മുൻകൂർ ജാമ്യം എടുക്കണമെന്നും കസ്റ്റംസ് സമൻസ് അയക്കാതെ പോകേണ്ടകാര്യമില്ലെന്നും ശിവശങ്കർ പറഞ്ഞു. പോകുന്ന വഴി തന്റെ ഫോൺ സന്ദീപ് എടുത്തുവെന്നും പിന്നീട് സന്ദീപും ശിവശങ്കറും തന്റെ ഭർത്താവായിരുന്ന ജയശങ്കറും നൽകുന്ന നിർദേശമനുസരിച്ചാണ് ബംഗളൂരു വരെ എത്തിയതെന്നും സ്വപ്‌ന അറിയിച്ചിരുന്നു. ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മീഷൻ പണമായിരുന്നു. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദന ഒന്നേകാൽ വർഷം ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതാണെന്നും സ്വപ്‌ന വിശദമാക്കി.

