മേപ്പടിയാൻ കാണാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതിന്റെ സന്തോഷത്തിൽ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായും നിർമ്മാതാവുമായ ‘മേപ്പടിയാൻ’ എന്ന ചിത്രം വിജയകരമായി മുന്നേറുകയാണ്. ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ദുബായ് എക്‌സ്‌പോ വേദിയിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. മേപ്പടിയാൻ ചിത്രം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധത അറിയിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും തിരക്കുപിടിച്ച ഷെഡ്യൂളിൽ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാതഭക്ഷണത്തിനായി തൊട്ടുടുത്ത് ഇരിക്കാൻ അവസരം നൽകിയതിനും നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ജീവിതത്തിലെ പ്രിയപ്പെട്ട ഓർമകളായിരിക്കും അത്. നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ എന്ത് കാര്യങ്ങളിലും പ്രവർത്തിക്കാൻ സദാസന്നദ്ധനാണ്. മേപ്പടിയാൻ എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്‌നേഹപൂർവം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതിയും വിഷ്ണു മോഹനാണ്. നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഉണ്ണിമുകുന്ദന് പുറമെ അജു വർഗീസ്, ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.