നിര്‍ദ്ദേശങ്ങളുടെ ലംഘനം; പയ്യന്നൂരിലെ കരിങ്കല്‍ ക്വാറിക്ക് 1.58 കോടി രൂപ പിഴയിട്ട് ഹരിത ട്രിബ്യൂണല്‍

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്കിലെ കുറ്റൂര്‍ വില്ലേജില്‍ പരിസ്ഥിതി നിയമലംഘനം നടത്തിയതിന് ഡല്‍ഹി ആസ്ഥാനമായ ആര്‍.ഡി.എസ്. പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിന് 1.58 കോടി ട്രിബ്യൂണല്‍ പിഴയിട്ടു. പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ ഖനനത്തിന് പരിസ്ഥിതികാനുമതി ലഭിക്കാന്‍ പാലിക്കേണ്ട നിര്‍ദേശങ്ങളില്‍ നാലെണ്ണം പൂര്‍ണമായും ഒന്‍പതെണ്ണം ഭാഗികമായും ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊമ്മേരി സ്വദേശി അനൂപ് നല്‍കിയ പരാതിയിലാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവിറക്കിയത്.

പാരിസ്ഥിതികാനുമതിക്ക് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും പ്രദേശത്ത് അനുവദിച്ചതില്‍ കൂടുതല്‍ ഖനനം നടത്തിയെന്നും കാണിച്ചാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംയുക്ത സമിതിയെ നിയോഗിച്ച് ഹരിത ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാന എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അഥോറിറ്റി, ജിയോളജി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കളക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെയാണ് നിയോഗിച്ചത്.

പ്രകൃതിക്ക് നാശം വരുത്തിയതിന് നഷ്ടപരിഹാരമെന്ന നിലക്കാണ് 1.58 കോടി രൂപ പിഴയടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതോടൊപ്പം തന്നെ സംസ്ഥാന എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അഥോറിറ്റിക്ക് പരിസ്ഥിതി നിയമലംഘനത്തിനും ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പിന് അനിയന്ത്രിത ഖനനത്തിനും നടപടിയെടുക്കാമെന്നും ട്രിബ്യൂണലിന്റെ ഉത്തരവിലുണ്ട്.