പുനീത് രാജ്കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അല്ലു അർജുൻ; ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് തെലുങ്ക് താരം അല്ലു അർജുൻ. ബംഗളൂരുവിലെ വീട്ടിലെത്തിയാണ് അല്ലു അർജുൻ പുനീത് രാജ്കുമാറിന്റെ കുടുംബാംഗങ്ങളെ കണ്ടത്. പുനീതിന്റെ ഛായാചിത്രത്തിനു മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. പുനീത് ഗാരുവിന് വിനീതമായ ആദരം. രാജ്കുമാർ ഗാരുവിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ആരാധകർക്കും ബഹുമാനം അറിയിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020 ഒക്ടോബർ 29 നായിരുന്നു പുനീത് രാജ്കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സ്വന്തം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം പുനീത് രാജ് കുമാറിന്റെ അവസാന ചിത്രമായ ജെയിംസ് മാർച്ച് 17 ന് റിലീസ് ചെയ്യും. താരത്തോടുള്ള ആദരസൂചകമായി ജെയിംസ് റിലീസ് ചെയ്യുമ്പോൾ കർണാടകയിൽ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് ചലച്ചിത്ര പ്രവർത്തകരുടെയും വിതരണക്കാരുടെയും തീരുമാനം. മാർച്ച് 17 മുതൽ 23 വരെ ജെയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും.