വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫലവർഗങ്ങളിലൊന്നാണ് തണ്ണിമത്തൻ. ദാഹവും വിശപ്പും ക്ഷീണവുമകറ്റാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലവർഗം വേറെയില്ല. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകാൻ തണ്ണിമത്തന് കഴിവുണ്ട്.
വിറ്റാമിനുകളും മിനറൽസും ധാരാളം അടങ്ങിയതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ നല്ലതാണ്. മുടി തഴച്ച് വളരാനും തണ്ണിമത്തൻ സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1, വിറ്റാമിൻ സി, ഫൈബർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തയോട്ടം വർധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും തണ്ണിമത്തൻ വളരെ ഉത്തമമാണ്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിന് വേണ്ട ആരോഗ്യം നൽകാനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്.

