കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ ആദ്യ മൊഴികളില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും, തനിക്കെതിരെ സ്വപ്ന മൊഴി നല്‍കിയത് പിന്നില്‍ സമ്മര്‍ദ്ദമെന്നും എം ശിവശങ്കര്‍ പറഞ്ഞു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിലാണ് ശിവശങ്കറിന്റെ വിശദീകരണം.
അതേസമയം, ശിവശങ്കര്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്‌ന സുരേഷ് പ്രതികരിച്ചു. ജനങ്ങളെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന പറഞ്ഞു. ഒരു ഐ ഫോണ്‍ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താന്‍ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്റെ സംഭാവനകള്‍ക്ക് സമ്മാനമായിട്ടാണ് കോണ്‍സുല്‍ ജനറല്‍ ഫോണ്‍ നല്‍കിയതെന്നും അവര്‍ വിശദീകരിച്ചു. തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ് ശിവശങ്കറെന്ന് സ്വപ്ന പറഞ്ഞു. തനിക്ക് ഐടി വകുപ്പില്‍ നിയമനം നേടിത്തന്നതും, കോണ്‍സുലേറ്റിലെ ജോലി രാജിവച്ചതും ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
താന്‍ ഒരു ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടി വരും. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ഐ ഫോണ്‍ മാത്രമല്ല ശിവശങ്കറിന് പല സമ്മാനങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ അദ്ദേഹം പുസ്തകത്തില്‍ എഴുതിയത് മോശമെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.
യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയതെന്നും യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നെന്നും അവര്‍ പറഞ്ഞു.

