തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്മകഥ ശനിയാഴ്ച്ച വിപണിയിലെത്തും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലിറക്കുന്ന ആത്മകഥയിൽ തനിക്ക് ജയിലിനുള്ളിൽ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും അന്വേഷണ ഏജൻസികളുടെ സമീപനത്തെ കുറിച്ചും വിശദമാക്കുന്നുണ്ട്. താൻ വേട്ടയാടപ്പെട്ടു എന്നാണ് പുസ്‌കത്തിൽ ശിവശങ്കർ പറയുന്നത്.
ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അശ്വത്ഥാമാവ്, ആന എന്നീ വാക്കുകൾ കൊണ്ട് ശിവശങ്കർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പുസ്തകം പുറത്തിറങ്ങുമ്പോൾ മാത്രമെ മനസിലാകൂ. സ്വർണ്ണക്കടത്തു കേസിലെ പ്രതിയായ ശിവശങ്കർ ജയിൽമോചിതനായി ഒരു വർഷത്തിന് ശേഷമാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ശിവശങ്കർ അടുത്തിടെയാണ് സർവ്വീസിലേക്ക് തിരികെ പ്രവേശിച്ചത്. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സർവ്വീസ് കാലാവധി.

