പെട്ടെന്ന് സംഭവിക്കുന്ന ഹൃദയസ്തംഭനം; ശരീരം നൽകുന്ന സൂചനകൾ ഇവയെല്ലാം

ഇന്ന് ആളുകളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഹൃദയസ്തംഭനം. പ്രായമായവർക്ക് പുറമെ ചെറുപ്പക്കാരിലും ഹൃദയസ്തംഭനം കൂടുതലായും ഉണ്ടാകാറുണ്ട്. മടി പിടിച്ചുള്ള ജീവിതരീതി, പ്രമേഹം, രക്തസമ്മർദ്ദം, അമിത മദ്യപാനം- പുകവലി- മറ്റ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവയാണ് ചെറുപ്പക്കാരിൽ ഹൃദയാഘാതം- ഹൃദയസ്തംഭനം എന്നിവ വർധിപ്പിക്കാൻ കാരണമാകുന്നത്. ചിലരിൽ പാരമ്പര്യഘടകങ്ങളും ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്നുണ്ട്.

പെട്ടെന്ന് സംഭവിക്കുന്ന ഹൃദയസ്തംഭനത്തിൽ നിന്ന് പലപ്പോഴും ആളുകൾക്ക് തിരിച്ചുകയറാൻ സാധിക്കാറില്ല. ഹൃദയസ്തംഭനം സംഭവിച്ച് ആദ്യ ആറ് മിനുറ്റിനുള്ളിൽ തന്നെ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയെങ്കിൽ മാത്രമേ ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിയൂ. സിപിആർ ആണ് ഹൃദയസ്തംഭനം സംഭവിച്ചവർക്ക് നൽകേണ്ട ആദ്യ ചികിത്സ. പെട്ടെന്ന് ഹൃദയസ്തംഭനം വരാനുള്ള സാധ്യത നേരത്തെ തന്നെ മനസിലാക്കിയെടുക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നെഞ്ചിൽ അസ്വസ്ഥത, കനം, ചെറിയ രീതിയിൽ ശ്വാസതടസം, ഹൃദയസ്പന്ദനങ്ങളിൽ വ്യത്യാസം, പെട്ടെന്നുള്ള തളർച്ച, തലകറക്കം, ചിലപ്പോൾ തലകറങ്ങി ബോധം വരെ നഷ്ടപ്പെടുന്ന അവസ്ഥ- ഇവയെല്ലാം ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ശാരീരികമായ സൂചനകളാകാമെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഉറക്കം, മദ്യപാനം-പുകവലി പോലുള്ള ശീലങ്ങൾ ഉപേക്ഷിക്കുന്നത് തുടങ്ങിയവയിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.