കെ-റെയില്‍: സര്‍വേയിലെ ഉദ്ദേശശുദ്ധി മനസിലാകുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ-റെയില്‍ പദ്ധതിയെ സംബന്ധിച്ച സര്‍വേയുടെ ഉദ്ദേശശുദ്ധി എന്താണെന്ന് വ്യക്തമല്ലെന്ന് ഹൈക്കോടതി. ഡിപിആര്‍ തയ്യാറാക്കുന്നതിന് മുമ്പായിരുന്നു ശരിയായ സര്‍വേ നടപടികള്‍ വേണ്ടിയിരുന്നത്. ഇപ്പോള്‍ എന്ത് സാഹചര്യത്തിലാണ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമല്ലാത്ത സര്‍വേ നടപടികളായതിനാലാണ് തടഞ്ഞതെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.

എന്നാല്‍, സമാനമായ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചില്‍ വിധി വരാനുണ്ടെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് മാറ്റിവെക്കണമെന്നും സിംഗിള്‍ ബെഞ്ചിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ സര്‍വേ നടപടികള്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഹൈക്കോടതിയെ സമീപിച്ച പത്തിലധികം ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സംഗിള്‍ ബെഞ്ച് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണിക്കുമ്പോഴാണ് കെ-റെയില്‍ സംബന്ധിച്ച ചില ചോദ്യങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തു നിന്നുയര്‍ന്നത്.

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലില്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സിംഗിള്‍ ബെഞ്ച് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുന്നത്.