തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള ജില്ലയായി തിരുവനന്തപുരം. ഏറെ നാൾ മലപ്പുറം ജില്ല കൊണ്ടു നടന്ന ചീത്തപ്പേരാണ് ഇപ്പോൾ തിരുവനന്തപുരത്തിന് ലഭിച്ചത്. 87,158 കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രാഥമിക പട്ടികയിലുണ്ടായിരുന്നത്. അന്തിമമായി അംഗീകാരം നൽകേണ്ട ഗ്രാമസഭകളുടെ പരിശോധനയിൽ ഇത് 46,535 കുടുംബങ്ങളായി കുറഞ്ഞുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതിദരിദ്ര നിർമാർജന പദ്ധതിക്ക് പ്രത്യേക പദ്ധതിവിഹിതം പ്രതീക്ഷിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ആദ്യം വിശാലമായ പട്ടിക തയ്യാറാക്കിയത്. എന്നാൽ പ്രത്യേക പദ്ധതിവിഹിതം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ പട്ടിക ചുരുക്കി. കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തികബാദ്ധ്യത പരിഗണിച്ചായിരുന്നു നടപടി. കോട്ടയം, വയനാട് തുടങ്ങിയ ജില്ലകളിൽ മാത്രമാണ് ഗ്രാമസഭ 100 ശതമാനം പൂർത്തിയാക്കി അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകിയത്. ആദിവാസി കുടുംബങ്ങളാണ് അതിദരിദ്രരുടെ എണ്ണത്തിൽ കൂടുതലായുമുള്ളത്.
9904 കുടുംബങ്ങളാണ് തിരുവനന്തപുരത്ത് പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നത്. 73 ശതമാനം ഗ്രാമസഭ ചേർന്നശേഷം 7952 കുടുംബങ്ങളാണ് പട്ടികയിൽ ഇപ്പോഴുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് തൃശ്ശൂർ. മലപ്പുറം ജില്ലയ്ക്ക് പട്ടികയിൽ മൂന്നാം സ്ഥാനമാണുള്ളത്.
`നാലാം സ്ഥാനത്ത് കോട്ടയവും അഞ്ചാം സ്ഥാനത്ത് വയനാടും ആറാം സ്ഥാനത്ത് ഇടുക്കിയും എഴാം സ്ഥാനത്ത് കാസർകോടും ആണ് ഉൾപ്പെട്ടിട്ടുള്ളത്. ആലപ്പുഴ ജില്ല എട്ടാം സ്ഥാനത്തും എറണാകുളം ജില്ല ഒൻപതാം സ്ഥാനത്തും പാലക്കാട് ജില്ല പത്താം സ്ഥാനത്തും കണ്ണൂർ പതിനൊന്നാം സ്ഥാനത്തും കോഴിക്കോട് പന്ത്രണ്ടാം സ്ഥാനത്തും കൊല്ലം ജില്ല പതിമൂന്നാം സ്ഥാനത്തും പത്തനംതിട്ട പതിനാലാം സ്ഥാനത്തുമാണ്.

