നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണമെന്ന് ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസില്‍ തുടരന്വേഷണം നടത്തിയതെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

അതേസമയം, ആറുമാസത്തെ സമയമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും മാര്‍ച്ച് ഒന്നാം തിയ്യതിക്കുള്ളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസില്‍ തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും കോടതി വിലയിരുത്തിയിരുന്നു.

തുടരന്വേഷണത്തിന് ഒരുമാസത്തെ സമയം അനുവദിച്ചതിനാല്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും വൈകും. ഈ സാഹചര്യത്തിലാണ് എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.