രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇപ്പോൾ രണ്ട് തരം ഇന്ത്യയാണുളളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതിൽ ഒന്ന് പണക്കാരുടെയും മറ്റൊന്ന് പാവങ്ങളുടേതുമാണ്. ഇവർ ഇരു വിഭാഗങ്ങളും തമ്മിലെ അന്തരം രാജ്യത്ത് വർദ്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലില്ലായ്മ രാജ്യത്ത് വർധിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മെയ്ഡ് ഇൻ ഇന്ത്യ എന്ന് പ്രധാനമന്ത്രി എല്ലായിടത്തും പറയുന്നു. എന്നാൽ അത് ഇനി സാദ്ധ്യമല്ല. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാതെ മെയ്ഡ് ഇൻ ഇന്ത്യ സാദ്ധ്യമല്ലെന്നും ഇവരിലൂടെ മാത്രമെ തൊഴിൽ സൃഷ്ടിക്കാൻ കഴിയൂവെന്നും അദ്ദേഹം അറിയിച്ചു. മെയ്ഡ് ഇൻ ഇന്ത്യ എന്നും സ്റ്റാർടപ്പ് ഇന്ത്യ എന്നും കേന്ദ്ര സർക്കാർ പറയുകയും എന്നാൽ തൊഴിലില്ലായ്മ രാജ്യത്ത് വർദ്ധിക്കുകയും ചെയ്യുന്നതായി അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ 23 കോടി ജനങ്ങളെ കേന്ദ്രം തിരികെ പട്ടിണിയിലേക്ക് തളളിയിട്ടു. അദാനിയ്ക്ക് ഒരു മേഖലയും അംബാനിയ്ക്ക് മറ്റൊരു മേഖലയും കേന്ദ്രം നൽകി. അതിലൂടെ ചെറുകിട ഇടത്തരം കച്ചവടക്കാരെല്ലാം തകർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബാനിയ്ക്കും അദാനിയ്ക്കും വരുമാനം വർധിച്ചു. 1947 ൽ കോൺഗ്രസ് തകർത്ത രാജപാരമ്പര്യം ബിജെപി തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ ചൈനയും പാകിസ്ഥാനും ഒന്നിച്ചുവന്ന സാഹചര്യം വിലകുറച്ച് കാണരുതെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലും കേരളത്തിലും ഒരിക്കലും ബിജെപിയ്ക്ക് ഭരിക്കാനാവില്ല. പ്രധാനമന്ത്രി കളിക്കുന്നത് അപകടം നിറഞ്ഞ കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.