ദേശീയ ഗാനം വികലമായി ആലപിച്ചു; മമതാ ബാനർജിക്ക് സമൻസ്

മുംബൈ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സമൻസ്. മുംബൈ ഹൈക്കോടതിയാണ് മമതാ ബാനർജിയ്ക്ക് സമൻസ് അയച്ചത്. മഹാരാഷ്ട്ര സന്ദർശനത്തിനിടെ ദേശീയഗാനത്തെ വികലമാക്കിയെന്ന പേരിലാണ് നടപടി.

മഹാരാഷ്ട്രയിൽ തൃണമൂൽ കോൺഗ്രസിന്റെ പരിപാടിക്കിടെയാണ് മമത സ്വന്തം രീതികൾ നടപ്പാക്കിയത്. ദേശീയഗാനമെന്ന് പറഞ്ഞതോടെ എല്ലാവർക്കുമൊപ്പം എഴുന്നേറ്റ് മമത സ്വന്തം നിലയിൽ ദേശീയഗാനത്തിന്റെ വരികൾ അതിവേഗം ആലപിക്കാൻ തുടങ്ങി. സാമാന്യമായ ഈണമോ രീതികളോ നോക്കാതെ വിചിത്രമായ രീതിയിലാണ് മമത ദേശീയ ഗാനം ആലപിച്ചത്. ദേശീയ ഗാനത്തിലെ മുഴുവൻ വരികളും മമത ആലപിച്ചതുമില്ല. അതിവേഗത്തിൽ ഗാനം ആലപിച്ച ശേഷം മമത വേദിയിൽ ഇരിയ്ക്കുകയും ചെയ്തു.

മമതയുടെ പ്രവൃത്തി വേദിയിലിരുന്നവരെ പോലും ആശങ്കയിലാക്കിയിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു. നിരവധി പേർ മമതക്കെതിരെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

ബിജെപി മുംബൈ യൂണിറ്റ് പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മെട്രോപോളീറ്റൻ മജിസ്ട്രേറ്റ് മുമ്പാകെ മമതക്കെതിരെ പരാതി നൽകിയത്. 2021 മാർച്ച് രണ്ടിനാണ് മമതാ ബാനർജി മഹാരാഷ്ട്രയിൽ തൃണമൂൽ പാർട്ടി പരിപാടികൾക്കായി എത്തിച്ചേർന്നത്. മുഖ്യമന്ത്രി എന്ന നിലയിലാണ് മമത ബാനർജി ഔദ്യോഗിക പ്രോട്ടോക്കോൾ സ്വീകരിച്ച് മറ്റൊരു സംസ്ഥാനത്ത് എത്തിയതെന്നതിനാൽ തന്നെ ദേശീയഗാനത്തോടുള്ള അവഹേളനം ഗൗരവമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.