കോട്ടയം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ. വിശ്വാസികൾക്ക് ഞായറാഴ്ച ആരാധനയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയാണുളളതെന്നും ഇളവ് അനുവദിക്കണമെന്നുമാണ് ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടത്. ഓർത്തഡോക്സ് സഭാ കാത്തോലിക ബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഭയുടെ പരിപൂർണ പിന്തുണ അദ്ദേഹം അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഞായറാഴ്ച്ചകളിലെ നിയന്ത്രണം തുടരാൻ തീരുമാനിച്ചത്. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം അമ്പതിനായിരത്തിന് മുകളിലായിരുന്നു.
52,199 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,20,612 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,439 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 3,77,823 കോവിഡ് കേസുകളിൽ, 3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

