പുതുക്കിയ ഗുണ്ടാ ലിസ്റ്റ് പുറത്തിറക്കി പോലീസ്; ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ഗുണ്ടാ ലിസ്റ്റ് പുറത്തിറക്കി കേരളാ പോലീസ്. 557 പേരാണ് ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ളത്. 2,750 ഗുണ്ടകളാണ് കേരളത്തിലുള്ളതെന്നാണ് പോലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത്. കാസർകോട് ജില്ലയിലാണ് ഗുണ്ടകളുടെ എണ്ണം ഏറ്റവും കുറവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷനുകൾ അടിസ്ഥാനമാക്കിയാണ് ഗുണ്ടാ ലിസ്റ്റ് തയ്യാറാക്കുന്നത്.

നിരന്തരം ക്രിമിനൽ കേസുകളിൽ സജീവമായിട്ടുള്ള ആളുകളെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ലിസ്റ്റിൽ ഉൾപ്പെട്ട 701 പേർക്കെതിരെ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.