തനിക്കെതിരെ നടപടിയെടുത്താല്‍ മറ്റു പലര്‍ക്കുമെതിരെയും വേണ്ടി വരുമെന്ന് കെ. ടി ജലീല്‍

ലോകായുക്ത വിവാദങ്ങള്‍ക്കിടയില്‍ തനിക്കെതിരെ നടപടിയെടുത്താല്‍ മറ്റ് പലര്‍ക്കുമെതിരെ നടപടി വേണ്ടി വരുമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ ട്വന്റി ഫോറിനോട്.

ലോയേഴ്‌സ് കോണ്‍ഗ്രസ്സിന് പിന്നാലെ കെ. ടി ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഫലം പറ്റി ഐസ്‌ക്രീം കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് വിധി പറഞ്ഞുവെന്ന ജലീലിന്റെ പരാമര്‍ശം അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആണ്. ഇത് നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നും ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി വേണമെന്നുമാണ് വാചസ്പതി എജിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

അതേസമയം, സിസ്റ്റര്‍ അഭയ കേസില്‍ ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബിലെ ഡോ. എസ് മാലിനിയുടെ മൊഴിപകര്‍പ്പ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകൈയ്യും ചെയ്യാന്‍ മടിക്കാത്ത ആളാണെന്നാണ് അദ്ദേഹം ആരോപിച്ചിരുന്നു. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സഹോദര ഭാര്യ ജാന്‍സി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വിമര്‍ശിച്ചിരുന്നു.