തിങ്കളാഴ്ച്ച വരെ സംപ്രേഷണം ചെയ്യാം; വിലക്ക് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി മരവിപ്പിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. തിങ്കളാഴ്ച്ച വരെയാണ് കോടതി ഉത്തരവ് നീട്ടിയത്. വിഷയത്തിൽ ആഭ്യന്തര വകുപ്പ് ഉൾപ്പെടെ പുറപ്പെടുവിച്ച ഉത്തരവുകളും രേഖകളും കോടതിക്ക് പരിശോധിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് നീട്ടാൻ കോടതി നിർദ്ദേശിച്ചത്.

കൂടുതൽ രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാർ കോടതിയോട് സമയം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഹർജി തിങ്കളാഴ്ച്ച വീണ്ടും കോടതി പരിഗണിക്കും. ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ ചാനലിന്റെ സംപ്രേക്ഷണം അനുമതി റദ്ദാക്കിയത് മരവിപ്പിച്ച നടപടി നിലനിൽക്കുമെന്ന് ജസ്റ്റിസ് എൻ. നഗരേഷ് അറിയിച്ചു.

ചാനൽ പ്രവർത്തനത്തിന് 10 വർഷത്തേക്ക് അനുമതി നൽകിയിരുന്നെങ്കിലും തുടർഅനുമതി നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. അനുമതിക്ക് വേണ്ട നടപടിക്രമങ്ങളുടെ ഭാഗമായി ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് നൽകുകയും അതിന് മറുപടി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങൾ എന്താണെന്ന് കോടതിയിൽ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും കോടതിക്ക് മുദ്രവെച്ച കവറിൽ നൽകുന്ന രേഖകൾ പരിശോധിക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വെളിപ്പെടുത്തി.

എന്നാൽ കേന്ദ്ര നടപടി മാദ്ധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല മൗലികാവകാശം കൂടിയാണ് ലംഘിക്കുന്നതെന്നാണ് മീഡിയാ വൺ പറയുന്നത്. കേന്ദ്രാനുമതിയോടെ പ്രവർത്തിക്കുന്ന ചാനലിന് അനുമതി പുതുക്കേണ്ട സമയത്ത് ആദ്യം മുതലുള്ള നടപടിക്രമങ്ങൾ ആവശ്യമില്ല. അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കപ്പെട്ടാലല്ലാതെ അനുമതി റദ്ദാക്കാനോ പുതുക്കി നൽകാതിരിക്കാനോ സാധ്യമല്ല. അത്തരം ആരോപണങ്ങളോ പരാതികളോ ചാനലിനെതിരെ നേരത്തെ ഉണ്ടായിട്ടില്ലെന്നും മീഡിയാ വൺ വിശദമാക്കി.