കോഴിക്കോട്: പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ അല്ലാതെ മറ്റ് ഇസ്ലാമിക സംഘടനകള്‍ വിളിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപടുമായി സമസ്ത. ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമസ്തയുടെ തീരുമാനം.
ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ലെന്നും, ഒരോ വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം ഇത്തരം സമിതികള്‍ രൂപീകരിച്ചാല്‍ മതിയെന്നുമുള്ള നിലപാടിലാണ് സമസ്ത. കോര്‍ഡിനേഷന്‍ സമിതി യോഗങ്ങളില്‍ ചെറിയ സംഘടനകളില്‍ നിന്ന് പോലും ഒന്നില്‍ കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും വലിയ സംഘടനയായ സമസ്തയില്‍നിന്ന് പലപ്പോഴും ഒരു പ്രതിനിധിയാണ് യോഗത്തില്‍ പങ്കെടുക്കാറുള്ളത്. ഇത്തരം കമ്മിറ്റികളില്‍ മറ്റ് സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം സമസ്തയ്ക്ക് ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, മുസ്ലിം കോര്‍ഡിനേഷന്‍ സമിതിയുടെ യോഗങ്ങള്‍ രാഷ്ട്രീയ യോഗങ്ങളായി മാറുന്നു എന്ന വിമര്‍ശനവും സമസ്ത ഉന്നയിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ഒരു സ്ഥിരം കോര്‍ഡിനേഷന്‍ സമിതി വേണ്ട എന്ന് സമസ്ത വ്യക്തമാക്കുന്നത്.

