ഇടുക്കി: ദേവികുളത്ത് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് പാര്‍ട്ടിയാണെന്ന ആരോപണവുമായി മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. ‘ജാതി വിഷയം ചര്‍ച്ചയാക്കിയത് ഞാനല്ല. ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് പാര്‍ട്ടി പറയുന്നു. പാര്‍ട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖര്‍ക്കൊപ്പം പടം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. തനിക്കെതിരായി കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിയല്ല’- എസ് രാജേന്ദ്രന്‍ പറഞ്ഞു.
‘സിപിഎം എന്ന ബോര്‍ഡ് വച്ചാല്‍ മാത്രം ആളുകളെ ആകര്‍ഷിക്കാനാവില്ല. ആളുകളെ ആകര്‍ഷിക്കാന്‍ ആരെങ്കിലുമൊക്കെ ഇടപെടണം. ബൂത്ത് കമ്മറ്റി പോലും കൂടാത്തിടത്ത് പോയി യോഗം വിളിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചു. നൂറ് ശതമാനം ശരിയാകാന്‍ ആര്‍ക്കുമാകില്ല. ജില്ല നേതാക്കള്‍ തനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കരുതുന്നില്ല. പാര്‍ട്ടി നടപടിക്ക് പിന്നില്‍ എം.എം മണി ആണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. കാലം അതിന് മറുപടി നല്‍കും. സിപിഐയിലേക്ക് പോകാന്‍ ആഗ്രഹമില്ല. പാര്‍ട്ടിയിലെ ചിലരാണ് അത് ആഗ്രഹിക്കുന്നത്’- രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നപ്പോള്‍ മുഴുവന്‍ സമയവും താന്‍ അവിടെയുണ്ടായിരുന്നു. അന്നേ ദിവസം മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂര്‍വമല്ല. അന്ന് തന്നെ താന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും അദ്ദേഹം ഒരാര്‍മ്മപ്പെടുത്തി. ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏഴ്, എട്ട് മാസത്തോളമായി ഒന്നും ചെയ്യുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് തന്നെ നേരത്തെ തന്നെ പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ എസ് രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് സിപിഎമ്മില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

