തിരുവനന്തപുരം: ലോകായുക്ത വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദിന് മറുപടി നൽകി സംസ്ഥാന സർക്കാർ. ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലോകായുക്ത നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്നും സർക്കാർ അറിയിച്ചു. എ.ജിയുടെ നിയമോപദേശം സർക്കാർ ഗവർണർക്ക് കൈമാറുകയും ചെയ്തു.
നിയമത്തിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ഗവർണറിനോട് വിശദമാക്കി. മന്ത്രിസഭാ അംഗീകരിച്ച ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടകൾ നൽകിയ നിവേദനങ്ങൾ ഗവർണർ സർക്കാരിന് കൈമാറിയിരുന്നു. ഇതിനാണ് സർക്കാർ വിശദീകരണം നൽകിയത്.
ലോകായുക്ത നിയമഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണമെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ചിരുന്ന ആവശ്യം. 1999 ൽ ലോകായുക്താ നിയമഭേദഗതി നിയമം നിലവിൽ വന്നപ്പോൾ പലതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും രാഷ്ട്രപതിയുടെ അനുമതി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതിനും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

