ന്യൂഡൽഹി: കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നോർ ഗിലോൺ. കൃഷിഭവനിൽ എത്തിയാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ സന്ദർശിച്ചത്. 12 സംസ്ഥാനങ്ങളിലെ 29 മികവിന്റെ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 25 ദശലക്ഷത്തിലധികം പച്ചക്കറികളും 3,87,000-ത്തിലധികം ഗുണമേന്മയുള്ള ഫലവൃക്ഷങ്ങളുമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രതിവർഷം 1.2 ലക്ഷത്തിലധികം കർഷകർക്ക് പരിശീലനം നൽകാനും കഴിയും.
ഇസ്രയേലിന്റെ സാങ്കേതിക സഹായത്തോടെ ഈ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള 150 ഗ്രാമങ്ങളെ മികവിന്റെ ഗ്രാമങ്ങളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിന്റെ സ്മരണയ്ക്കായി 75 ഗ്രാമങ്ങൾ, ആദ്യ വർഷം ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്ക്ക് വേണ്ടി ഇന്ത്യയും ഇസ്രയേലും ഒന്നിച്ച് പ്രവർത്തിക്കും. കർഷകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരവും ഗുണമേന്മയും വർധിപ്പിക്കുന്നതിനായി മികവിന്റെ കേന്ദ്രങ്ങളുടെ സർട്ടിഫിക്കേഷൻ നടത്താനുള്ള നിർദ്ദേശവും ഇസ്രായേൽ അംബാസഡർ ഗിലോൺ മുന്നോട്ടുവെച്ചു.

