ഹൈദരാബാദ്: അന്തരിച്ച കന്നട താരം പുനീത് രാജ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ജെയിംസ് എന്ന ചിത്രത്തിന്റെ സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിൽ പുനീത് അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ സ്‌പെഷ്യൽ പോസ്റ്റർ പങ്കുവച്ചിട്ടുള്ളത്.
പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ് കുമാറാണ് പോസ്റ്റർ പങ്കുവെച്ചത്. യുദ്ധ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ സൈനിക യൂണിഫോമിലാണ് പുനീത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പുനീതിന്റെ ജന്മദിനമായ മാർച്ച് 17 നാണ് ജെയിംസ് റിലീസ് ചെയ്യുന്നത്. താരത്തോടുള്ള ആദരസൂചകമായി ജെയിംസ് റിലീസ് ചെയ്യുമ്പോൾ കർണാടകയിൽ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് ചലച്ചിത്ര പ്രവർത്തകരുടെയും വിതരണക്കാരുടെയും തീരുമാനം.മാർച്ച് 17 മുതൽ 23 വരെ ജെയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. ഹൃദയാഘാതത്തെ തുടർന്ന് 2021 ഒക്ടോബറിലാണ് പുനീത് രാജ്കുമാർ മരണപ്പെട്ടത്. കന്നട സിനിമാ ലോകത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

