ഹിന്ദിക്ക് മാത്രമല്ല ഒരു ഭാഷയ്ക്കും എതിരല്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മൊഴിപ്പോര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് സംസാരിക്കുന്നു എന്നതു കൊണ്ട് ഞങ്ങള്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവരാകില്ല. ഒരു ഭാഷ പഠിക്കുക എന്നത് ഒരാളുടെ സ്വന്തം താല്‍പര്യത്തില്‍ നിന്ന് ഉയര്‍ന്നു വരേണ്ട കാര്യമാണെന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
അങ്ങനെ ആഗ്രഹിക്കുന്നവര്‍ അതിനെ ആധിപത്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഒരു മതം മാത്രമായിരിക്കണമെന്ന് അവര്‍ കരുതുന്നത് പോലെ, ഒരു ഭാഷ മാത്രമേ ഉണ്ടാകാവൂ എന്നാണ് അവര്‍ കരുതുന്നത്. ഹിന്ദി സംസാരിക്കാത്തവരെ രണ്ടാം തരം പൗരന്മാരാക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അവര്‍ക്ക് തമിഴ് എന്നും തമിഴ്‌നാട് എന്നും കേള്‍ക്കുമ്പോള്‍ കയ്പ് തോന്നുന്നതുപോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തില്‍ തമിഴ്‌നാടിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നല്‍കാത്തത് മനപ്പൂര്‍വ്വമാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ വരും ദിവസങ്ങളില്‍ ഈ നിശ്ചല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം.
1967ല്‍ സി എന്‍ അണ്ണാദുരൈ അധികാരത്തില്‍ വന്ന സമയത്ത് ദ്വിഭാഷാ നയം കൊണ്ടു വരികയും മൊഴിപോരിന്റെ ഫലം കണക്കിലെടുത്ത് സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന് പേരു നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന ഭാഷകളെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷകളാക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യാനായി ഇപ്പോഴും കഷ്ടപ്പെടുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

