കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാർ തയ്യാർ; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോളിങ്ങ് എന്ന സർക്കാർ പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹൈസ്പീഡ് റെയിലിനെക്കാൾ നിർമാണ ചെലവും യാത്ര ചെലവും കുറവ് സെമി ഹൈസ്പീഡ് റെയിലിനാണെന്നും മുഴുവൻ കാര്യങ്ങളും നിയമസഭയിൽ ചർച്ച ചെയ്തതാണെന്നും അദ്ദേഹം അറിയിച്ചു.

വികസന പദ്ധതികൾ തകർക്കുന്ന തരത്തിലാണ് പ്രതിപക്ഷ സമീപനം. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന് പ്രതിപക്ഷം തടസമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം കെ റെയിൽ സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിൽ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സിൽവർ ലൈൻ പ്രതിരോധ സമിതി പ്രതിഷേധ യോഗം ചേർന്നു. കാനത്ത് നടന്ന പരിപാടിയിൽ ഭൂമി നഷ്ടപ്പെടുന്ന 20 കുടുംബങ്ങൾ പങ്കുചേർന്നിരുന്നു.

സിൽവർ ലൈൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കവി റഫീഖ് അഹമ്മദ് എഴുതിയ ഹേ കെ എന്ന കവിതയ്‌ക്കെതിരെ വലിയ സൈബർ ആക്രമണം നടക്കുന്നുണ്ട്. വിമർശനം കൊണ്ട് പ്രതികരണം തടയാൻ കഴിയില്ലെന്നും താനും ഇടതുപക്ഷക്കാരനാണെന്നും അദ്ദേഹം വ്യക്തമാക്കി.