സൂപ്പർഹീറോയുടെ കുടുംബം; ടൊവിനോ തോമസിനെയും കുടുംബത്തെയും സന്ദർശിച്ച് മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ

ടൊവിനോ തോമസ് നായകനായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയ്ക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. നായകനെ മാത്രമല്ല ചിത്രത്തിലെ വില്ലനെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. തമിഴ് നടൻ ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത്. ഷിബു എന്ന വില്ലൻ കഥാപാത്രത്തെ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ടൊവിനോയെയും കുടുംബത്തെയും സന്ദർശിച്ചിരിക്കുകയാണ് ഗുരു സോമസുന്ദരം. ടൊവിനോയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘അതിശയകരമായ സൂപ്പർഹീറോയുടെ കുടുംബം. സന്തോഷകരമായ കുടുംബം-സന്തോഷകരമായ ഭക്ഷണം-സന്തോഷകരമായ സമയം-എനിക്ക് സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് ഗുരു സോമസുന്ദരം ചിത്രം പങ്കുവെച്ചത്. പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി കഴിഞ്ഞു.

ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടി പ്ലാറ്റ്‌ഫോമിലുടെ റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത മിന്നൽ മുരളിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2021 ൽ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷൻ, അഡ്വഞ്ചർ ചിത്രങ്ങളുടെ പട്ടികയിൽ മിന്നൽ മുരളി ഇടംനേടിയിട്ടുണ്ട്.