ചരിത്ര സന്ദർഭം; നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ചാണ് സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.

ഗ്രാനൈറ്റ് ശിലയിൽ തീർത്ത പ്രതിമ സ്ഥാപിക്കുന്നതുവരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇവിടെ തുടരും. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിച്ച ആളാണ് നേതാജി. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങൾക്കും ഭാവി തലമുറകൾക്കും പ്രചോദനമാകും. ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദർഭവുമാണ്. നേതാജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മൾ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഇതു വെറുമൊരു പ്രതിമയല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എല്ലാം നൽകിയ നേതാജിക്കുള്ള ഉചിതമായ ആദരവാണെന്നും അമിത് ഷാ പറഞ്ഞു.

ലേസർ വെളിച്ചം പ്രസരിപ്പിച്ച് രൂപപ്പെടുത്തുന്ന നേതാജിയുടെ ഹോളോഗ്രം പ്രതിമയാണ് ആദ്യഘട്ടത്തിൽ ഇന്ത്യാഗേറ്റിൽ സ്ഥാപിച്ചത്. ഗ്രാനൈറ്റിൽ തീർക്കുന്ന പ്രതിമയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 28 അടി ഉയരവും 6 അടി വീതിയുമുള്ള പ്രതിമയാണ് ഗ്രാനൈറ്റിൽ നിർമ്മിക്കുന്നത്.