പരസ്യങ്ങളില്ലാതെ യൂട്യൂബ് ആസ്വദിക്കണോ?

യൂട്യൂബില്‍ വീഡിയോകള്‍ കാണുമ്പോള്‍ ഇടക്ക് കയറി വരുന്ന പരസ്യങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. യൂട്യൂബ് മ്യൂസിക്കിലും ഇത് തന്നെയാണ് അവസ്ഥ. പാട്ട് കേള്‍ക്കുമ്പോള്‍ ഇടക്ക് പരസ്യങ്ങള്‍ കയറി വരും. ഇത് പരിഹരിക്കാനായി യൂട്യൂബ്, യൂട്യൂബ് മ്യൂസിക്ക് എന്നിവയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് എടുക്കാവുന്നതാണ്. ഇതുവരെ ഒരു മാസത്തേക്കോ മൂന്ന് മാസത്തേക്കോ മാത്രം ലഭിച്ചിരുന്ന യൂട്യൂബ് പ്രീമിയം ഇനി മുതല്‍ ഒരു വര്‍ഷം വരെ ലഭിക്കും.

ജനുവരി 23 വരെ യൂട്യൂബ് നല്‍കുന്ന പ്രമോഷണല്‍ ഓഫറിലൂടെ യൂട്യൂബ് അതിന്റെ പ്രീമിയം വാര്‍ഷിക പ്ലാനുകള്‍ ഓഫറില്‍ ലഭ്യമാക്കും. അതിനാല്‍, യൂട്യൂബ് പ്രീമിയം വാര്‍ഷിക പ്ലാനിന് 1,159 രൂപയാണ് നല്‍കേണ്ടി വരുന്നത്. യൂട്യൂബ് മ്യൂസിക്ക് പ്രീമിയം വാര്‍ഷിക പ്ലാനിന് 889 രൂപയാണ് വില വരുന്നത്. ഈ പ്രീമിയം സബ്ക്രിപ്ഷനുകളുടെ ഇന്ത്യയിലെ യഥാര്‍ത്ഥ വില ഇപ്പോള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ പ്രമോഷണല്‍ കാലാവധി അവസാനിച്ചതിന് ശേഷമാണ് യഥാര്‍ത്ഥ വില വെളിപ്പെടുത്തുക.

ഒരു മാസത്തേക്കുള്ള പ്ലാനുകളുടെ വില യൂട്യൂബ് പ്രീമിയത്തിന് 129 രൂപയും യൂട്യൂബ് മ്യൂസിക്ക് പ്രീമിയം സബ്ക്രിപ്ഷന് 99 രൂപയുമാണ്. യൂട്യൂബിന് ഏറെ ഉപയോക്താക്കളുള്ള രാജ്യം എന്ന നിലയില്‍ കമ്പനി ഇന്ത്യയെപ്രത്യേകം പരിഗണിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. വാര്‍ഷിക പ്രീമിയം മെമ്പര്‍ഷിപ്പുകളുടെ യഥാര്‍ത്ഥ വില 1500 രൂപയോളം ഉണ്ടാകാനാണ് സാധ്യത.
എന്നാല്‍, യൂട്യൂബ് പ്രീമിയം മെമ്പര്‍ഷിപ്പ് ഉള്ള ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള മെമ്പര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്തുകൊണ്ട് പുതിയതായി സൈന്‍ അപ്പ് ചെയ്യുന്നതിലൂടെ വാര്‍ഷിക പ്രീമിയം പ്ലാന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.