ന്യൂഡൽഹി: രാജ്യം വളർച്ചയുടെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ അജൻഡ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ വളർച്ചയുടെ പാതയിലാണ്. പ്രതീക്ഷകളുടെ ഒരു പൂച്ചെണ്ടാണ് രാജ്യം ലോകത്തിന് മുന്നിൽവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുള്ള യുവാക്കൾ പുത്തൻ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും സ്വായത്തമാക്കാൻ വെമ്പൽകൊള്ളുന്നവരാണ്. ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ വ്യവസായികൾക്ക് കഴിയും. 2021 ൽ അറുപതിനായിരത്തിന് മുകളിൽ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ആരംഭിച്ചെന്നത് ഇന്ത്യൻ യുവാക്കളുടെ ഊർജസ്വലതയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ശരിയായ ദിശയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള സാമ്പത്തിക വിദഗ്ദ്ധർ വരെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പുകഴ്ത്തിയിരുന്നു. ഉപഭോക്തൃ സംസ്‌കാരം കാലാവസ്ഥാവ്യതിയാനത്തെ വലിയ രീതിയിൽ ബാധിച്ചെങ്കിലും അതിനുള്ള പ്രതിവിധിയും ഇന്ത്യയുടെ പക്കലുണ്ട്. യു പി ഐ, ആരോഗ്യസേതു, കൊവിൻ മുതലായ ആപ്ലിക്കേഷനുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാനമന്ത്രി നവീന സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ വലിയൊരു മുന്നേറ്റമാണ് കൈവരിച്ചതെന്നും ഇത്തരം സാങ്കേതിക വിദ്യകൾ ബിസിനസ് സുഖകരമായി നടത്താൻ വലിയ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

