തിരുവനന്തപുരം: കേരളത്തില്‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 123 കൊവിഡ് ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഒമിക്രോണ്‍ വകഭേദം പടരുന്നതാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ കണക്കുകള്‍. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഓമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്ത് ഓമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇതോടെ ഈ കോളേജ് ഓമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേര്‍ക്കും ഉണ്ട്. കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

