കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം മുന്‍ നിര്‍ത്തിയാണ് ‘ചുരുളി’ വിലയിരുത്തുക: എഡിജിപി

തിരുവനന്തപുരം: വളരെയധികെ വിവാദമായ സിനിമയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന ‘ചുരുളി’. സിനിമയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം കൂടി മുന്‍നിര്‍ത്തിയാകും ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് എഡിജിപി കെ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്ന് സംഘം പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കുക. സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ വ്യക്തമാക്കി.

സഭ്യേതര ഭാഷയാണ് സിനിമയില്‍ മുഴുവന്‍ എന്നായിരുന്നു വിവാദമായത്. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഡിജിപി മൂന്ന് അംഗ സംഘത്തെ നിയോഗിക്കുക ആയിരുന്നു.