സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടത്; കെ സുധാകരന് മറുപടിയുമായി പിണറായി

കോഴിക്കോട്: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മരണം ഇരന്ന് വാങ്ങിയതാണെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിന്റെ കൂടെ നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ധീരജിന്റെ കുടുംബത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാൻ കഴിയാത്തതാണ്. കോളേജിന് പുറത്ത് നിന്നുള്ളവർ എത്തിയാണ് കൊലപാതകം നടത്തിയത്. ഗൗരവതരമായ അന്വേഷണം സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കണം. കൊലപാതകക്കേസിലെ പ്രതി നിഖിൽ പൈലിക്ക് ഒളിസങ്കേതം എറണാകുളത്ത് ഒരുക്കാൻ ശ്രമിച്ചത് ആരാണ് എന്നതും അന്വേഷിക്കണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം പ്രകോപനപരമാണ്. രക്തസാക്ഷി ധീരജിനെ ഇനിയും അപമാനിക്കരുത്. കൊലപാതകം നടത്തിയിട്ട് വീണ്ടും കൊല്ലുക എന്നതാണ് കോൺഗ്രസിന്റെ സമീപനം. പ്രകോപനം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻവാങ്ങാൻ കോൺഗ്രസ് തയ്യാറാകണം. ഒരാൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമാണ്. കോൺഗ്രസ് സെമി കേഡർ ആകുന്നത് കൊലപാതകം നടത്തിയാണോയെന്നും അദ്ദേഹം ചോദിച്ചു.