ധീരജിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐയുടെ പരിശീലനം നേടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വി പി സാനു

കണ്ണൂർ: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐയുടെ പരിശീലനം നേടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. എസ്.ഡി.പി.ഐയും ആർ.എസ്.എസും തമ്മിൽ ഏറ്റവും കൂടുതൽ അടുപ്പം പുലർത്തുന്നയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മഹാരാജാസിലെ അഭിമന്യുവിന് സമാനമായി നെഞ്ചിലേറ്റ ഒരൊറ്റ കുത്തിൽ ഹൃദയത്തിന്റെ അറകൾ തകർന്നാണ് തൊട്ടടുത്ത ആശുപത്രിയിലെത്തിക്കും മുൻപേ നീരജ് മരണമടഞ്ഞത്. നെഞ്ചിൽ ഒരൊറ്റ കുത്തിന് ഒരാളെ കൊല്ലുകയന്നെത് എസ്.ഡി.പി.ഐയുടെ ശൈലിയാണെന്നും ആർഎസ്എസ് ക്രിമിനലുകളും ഇതേ രീതി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകം നടത്തിയ നിഖിൽ പൈലി കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായും ഡി.സി.സി. പ്രസിഡന്റ് സ്ഥലം എംപി എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഇയാളെ സംരക്ഷിക്കുകയും സംഭവത്തെ ന്യായീകരിക്കുകയുമാണ് കെ.എസ്.യുവും യുത്ത് കോൺഗ്രസും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സെന്റിമീറ്റർ ആഴത്തിൽ കുത്തിയാൽ ഇത്തരം മരണങ്ങൾ സംഭവിക്കുമോയെന്നാണ് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ചോദിക്കുന്നത്. ഇത്തരം കുത്തുകളുടെ കണക്കെടുക്കുന്നതും കുത്താനുള്ള പരിശീലനം നടത്തുന്നതും യൂത്ത് കോൺഗ്രസിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു.

ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ക്യാംപസിൽ വിദ്യാർത്ഥികളുടെ മനസിൽ നിന്നും എന്നോ ഇറങ്ങിപ്പോയ കെ.എസ്.യുവിനെ കൊലക്കത്തി രാഷ്ട്രീയത്തിലുടെ തിരിച്ചു കൊണ്ടുവരാനാണ് കെ.സുധാകരൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്താകമാനം കോൺഗ്രസ് -കെ.എസ്.യു കൊലപാതക രാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ജനുവരി 14 ന് സംസ്ഥാനത്തെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും പ്രതിരോധ സദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്തുകൊണ്ട് അന്വേഷണ വിധേയമായി കൊലപാതകികളെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്ന് ജനങ്ങളോട് തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണയായി ഇത്തരം ദൗർഭാഗ്യകരമായ കൊലപാതകങ്ങളുണ്ടായാൽ അതിനെ തള്ളിപ്പറയുകയാണ് എല്ലാ പാർട്ടികളും ചെയ്യാറുള്ളത് എന്നാൽ കൊലപാതകത്തെ ന്യായീകരിക്കുന്ന നികൃഷ്ടമായ ശൈലിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ധീരജിന് കുത്തേറ്റതിനു ശേഷം പെട്ടന്ന് ആശുപത്രിയിലെത്തിക്കാൻ പൊലിസ് തയ്യാറായില്ലെന്ന പരാതി കോളേജിലെ ചില വിദ്യാർത്ഥികൾ ഉയർത്തിയിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.