ഐഎസ്എല്‍: എടികെയെ സമനിലയില്‍ പൂട്ടി ഹൈദരാബാദ്

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ പൂട്ടി ഹൈദരാബാദ് എഫ്സി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം സമനിലയില്‍ പിരിഞ്ഞപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി എടികെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

ഡേവിഡ് വില്യംസിലൂടെ ലീഡെടുത്ത എടികെയെ പതിനെട്ടാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ ഗോളില്‍ ഹൈദരാബാദ് സമനിലയില്‍ പിടിച്ചു. എന്നാല്‍, രണ്ടാം പകുതിയില്‍ ആശിഷ് റായിയുടെ സെല്‍ഫ് ഗോള്‍ എടികെയെ വീണ്ടും മുന്നിലെത്തിച്ചു. ഡേവിഡ് വില്യംസിന്റെ ക്രോസില്‍ തലവെച്ച ജോനി കൗക്കോയുടെ ഹെഡ്ഡര്‍ ആശിഷ് റായിയുടെ കാലില്‍ തട്ടി ഹൈദരാബാദ് വലയില്‍ കയറുകയായിരുന്നു. 69-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന് പ്രായശ്ചിത്തമെന്നോണം ആശിഷ് റായ് നടത്തിയ ഗോള്‍ ശ്രമം ഒഗ്ബെച്ചെക്ക് ഗോളിലേക്ക് തിരിച്ചുവിടാനായില്ല. 81-ാം മിനിറ്റിലും ആശിഷ് റായ് ഗോളിന് വഴിയൊരുക്കിയെങ്കിലും സെയ്തിയാന്‍ സിംഗിന്റെ ക്രോസ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.

81-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ തകര്‍പ്പന്‍ ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈകളില്‍ നിന്ന് ചോര്‍ന്നെങ്കിലും ഗോളായില്ല. തക്ക സമയത്ത് സമനില ഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന ഹൈദരാബാദ് ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ജാവിയേര്‍ സിവേറിയോയിലൂടെ സമനില വീണ്ടെടുത്തു.