‘കെ-റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം തെറ്റ്’: മെട്രോമാന്‍

കൊച്ചി: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയില്‍ വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് ശ്രീധരന്‍ പറഞ്ഞു.

കെ-റെയില്‍ ഭൂമിയിലൂടെ കടന്നു പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും ഭിത്തി നിര്‍മിക്കേണ്ടിവരും. അത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. വെള്ളം ഒഴുകിപ്പോകാനുള്ള മാര്‍ഗങ്ങള്‍ തടസ്സപ്പെടും. സര്‍ക്കാര്‍ ചിലവ് കുറച്ച് കാണിച്ച് എന്തിനാണ് വസ്തുതകള്‍ മറച്ചുവെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘വികസന പ്രവര്‍ത്തനങ്ങളില്‍ സാവകാശം വേണം. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ പുറത്തു വിടില്ലെന്ന വാദം തെറ്റാണ്. താന്‍ തയ്യാറാക്കിയ പല പദ്ധതികളുടെയും ഡിപിആര്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്’ -ശ്രീധരന്‍ വ്യക്തമാക്കി.