കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാരായ സംസ്ഥാനത്തെ സന്നദ്ധ സേനാംഗങ്ങള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഇളവ് പ്രഖ്യാപിച്ച് മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോ യില്‍ ഇളവുകള്‍ നല്‍കുക. ഈ മാസം 15 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.
തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് കൗണ്ടറില്‍ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി മാത്രം അടച്ച് യാത്ര ചെയ്യാനാവും. സന്നദ്ധ സേനാംഗങ്ങളുടെ സംസ്ഥാനത്തെ സേവനം പരിഗണിച്ചാണ് ഇളവ് നല്‍കുന്നതെന്നും ബെഹ്റ വ്യക്തമാക്കി.
അതേസമയം, 7300 കോടി മുടക്കി നിര്‍മ്മിച്ച കൊച്ചി മെട്രോയുടെ നഷ്ടം നാല് വര്‍ഷം കൊണ്ട് 1092 കോടി രൂപയാണ്. മെട്രോയില്‍ യാത്രക്കാരുടെ എണ്ണം ഉയര്‍ത്താനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനുമാണ് ഇത്തരം ഇളവുകള്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

