കൊവിഡ് വ്യാപനം: രഞ്ജി ട്രോഫി അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാന്‍ ബിസിസിഐ തീരുമാനം

മുംബൈ: കൊവിഡ് വ്യാപന ആശങ്കകള്‍ക്കിടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാന്‍ ബിസിസിഐ തീരുമാനം. കൂടാതെ കേണല്‍ സി.കെ നായിഡു ട്രോഫി സീനിയര്‍ വനിതകളുടെ ടി20 ലീഗ് മത്സരങ്ങളും ബിസിസിഐ മാറ്റിവെച്ചിട്ടുണ്ട്.

ഈ മാസം 13ന് തുടങ്ങേണ്ടിയിരുന്ന മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിന്റെ ആദ്യ മത്സരം വിദര്‍ഭക്കെതിരെ ബംഗളൂരുവിലാണ് നിശ്ചയിച്ചിരുന്നത്. സി കെ നായിഡു ട്രോഫിയും ഈ മാസവും സീനിയര്‍ വനിതാ ടി20 ലീഗ് അടുത്ത മാസവുമായിരുന്നു നടക്കേണ്ടിയിരുന്നത്.

കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ടൂര്‍ണമെന്റുകളും ഇനിയൊരറിയിപ്പുണ്ടാകും വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സാഹചര്യം മെച്ചപ്പടുന്നതിന് അനുസരിച്ച് പുതുക്കിയ തീയതികള്‍ പീന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.