കോണ്‍ഗ്രസിനെ മാത്രം ദേശീയ ബദലായി കാണുന്നത് പ്രായോഗികമല്ല; ബിനോയ് വിശ്വത്തിന്റെ നിലപാട് തള്ളി കോടിയേരി

ഇടുക്കി: ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് വിശ്വത്തിനെ പിന്തുണച്ച് ഇന്ന് ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തിനെതിരെയാണ് കോടിയേരി രംഗത്തെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വെച്ച് കേരളത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കരുതെന്നും കേരളത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനെ സംബന്ധിച്ച് രാജ്യത്ത് ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് പ്രധാനം. പ്രാദേശിക കക്ഷികള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസിനെ മാത്രം ദേശീയ ബദലായിട്ട് കാണുന്നത് പ്രായോഗികമല്ലെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് രാഷ്ട്രീയ ബദല്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്നാണ് ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്. ഇതിനെ വിമര്‍ശിച്ചാണ് കോടിയേരി രംഗത്തെത്തിയത്.

അതേസമയം, ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രാജേന്ദ്രനെതിരെ നടപടി പ്രഖ്യാപിക്കില്ലെന്നും സമ്മേളനത്തിന് ശേഷം ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.