‘ഇനി ഇല്ല’; ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ചാന്‍സലര്‍ സ്ഥാനത്ത് ഇനി തുടരാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ‘ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍, ഇത് പരസ്യമായി പറയട്ടെ. ചാന്‍സലര്‍ പദവി നല്‍കിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ എങ്ങനെ നിയമപരമായ കാര്യങ്ങള്‍ നിര്‍വഹിക്കും? അതിനാല്‍ തന്നെ ഈ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല്’- ഗവര്‍ണര്‍ വ്യക്തമാക്കി.

‘എന്നെ ആര്‍ക്കും വിമര്‍ശിക്കാം. ഞാന്‍ സ്വയം വിമര്‍ശനം നടത്താറുള്ളൊരാളാണ്. സംവാദങ്ങള്‍ ഉണ്ടാവേണ്ടത് ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം,’ ഗവര്‍ണര്‍ പറഞ്ഞു. അസ്വാഭാവികമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗവര്‍ണറായ തന്റെ കരങ്ങള്‍ കൂട്ടിക്കെട്ടി. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. അത് പോലെയാണ് ഇതും. പകരം സംവിധാനം ഏര്‍പ്പെടുത്തണം. തനിക്ക് ആരോടും പ്രശ്‌നങ്ങളില്ല. വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താല്‍പര്യമില്ല, സമയവുമില്ല. ഇത്തരം സാഹചര്യങ്ങളില്‍. മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രക്കും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്’-ഗവര്‍ണര്‍ വ്യക്തമാക്കി.