പോലീസിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് സർക്കാരിനെ പഴി പറയേണ്ട കാര്യമില്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് സർക്കാരിനെ പഴി പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ട്. അത് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താഴേ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ് പോലീസിനെതിരെ വിമർശനങ്ങൾ ഉണ്ടാകാതിരുന്നതെന്നും അതൊന്നും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം അറിയിച്ചു. പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ച്ചകൾക്ക് സർക്കാരിനെ പഴി പറയേണ്ടതില്ല. ഇത്തരം സംഭവങ്ങളിലെല്ലാം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതും ഇതേ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഒന്നാകെ ഒറ്റയടിക്ക് മാറ്റാൻ ആർക്കും കഴിയില്ല. തെറ്റ് കാണുമ്പോൾ നടപടിയെടുക്കുക, തെറ്റ് ചെയ്തവരെ തിരുത്തുക എന്നത് മാത്രമേ ചെയ്യാനാവൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കോൺഗ്രസിന് അനുകൂലമായി പ്രസ്താവന നടത്തിയ ബിനോയ് വിശ്വത്തെ അദ്ദേഹം ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ശക്തമാണ്. ഇടതുപക്ഷം ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോവുന്നുണ്ട്. എന്നാൽ കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിയണമെന്നില്ല. അതാണ് ബിനോയ് വിശ്വം പറഞ്ഞതെന്നാണ് കാനത്തിന്റെ വിശദീകരണം. പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിന് മാത്രമേ ബദലാകാനാവൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം സിപിഎമ്മിന്റെ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പൊളിറ്റ് ബ്യുറോ അംഗമാണ്. സിപിഐയുടെ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ് ബിനോയ് വിശ്വം. രണ്ട് പേരും രണ്ട് പാർട്ടികളുടെ നിലപാടാണ് പറഞ്ഞതെന്നും തങ്ങൾക്ക് രണ്ട് നിലപാടുള്ളത് കൊണ്ടാണ് രണ്ട് പാർട്ടികളായി നിൽക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ പൊതു രാഷ്ട്രീയ നിലപാടുകളിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്നും അതിന്റെ വിശദാംശങ്ങളിൽ തർക്കങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.