‘സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്ന ഇടങ്ങളിലൊന്നാണ് കേരളം’; ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്‌

പാലക്കാട്: സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്ന ഇടങ്ങളിലൊന്നാണ് കേരളമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഡോ. എന്‍.എം. മുഹമ്മദാലിയുടെ പേരിലുള്ള എന്‍ഡോവ്മെന്റ് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉള്‍പ്പെടുന്നതാണ്. അവിടെ മാത്രമാണ് എനിക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നത്. ഈ രാക്ഷസന്മാരെ പടിക്ക് പുറത്തുനിര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി’- പ്രകാശ് രാജ് പറഞ്ഞു.

ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിട്ട് നിര്‍ഭയമായി പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് പ്രകാശ് രാജെന്നും ആ ശബ്ദം ഇനിയും കൂടുതല്‍ ഉച്ചത്തില്‍ ഉയരട്ടെയെന്നും പുരസ്‌കാരം നല്‍കിക്കൊണ്ട് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. വര്‍ഗീയ ഫാഷിസ്റ്റു ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നയാളാണ് ര്കാശ് രാജ്. പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വര്‍ഗീയ ഫാഷിസ്റ്റു ശക്തികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്.