ശബരിമല തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി തൃശൂര്‍-ചെന്നൈ-തൃശൂര്‍ റൂട്ടിലേക്ക് ആരംഭിച്ച മള്‍ട്ടി ആക്‌സില്‍ എ.സി സ്‌കാനിയ ബസ് സര്‍വീസ് വിജയിച്ചതിന്റെ ഭാഗമായി ഒരു മാസത്തെ പരീക്ഷണാര്‍ത്ഥം വീക്കെന്റ് സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. ഈ മാസം 6 മുതലാണ് തുടങ്ങുക. തമിഴ്‌നാട്ടിലെ വിവിധ മലയാളി അസോസിയേഷന്‍ സംഘടനാ പ്രതിനിധികള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി.
തൃശൂരില്‍ നിന്നും പാലക്കാട് നിന്നും കണക്ഷന്‍ സര്‍വീസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനും, തൃശൂര്‍, പാലക്കാട് ബസ് സ്റ്റേഷനുകളില്‍ വിശ്രമിക്കുവാനും സൗകര്യമുണ്ടാകും. ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി സഹായിയെയും ഏര്‍പ്പാടാക്കുന്നതാണ്.
ചെന്നൈ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ജനുവരി 7, 9, 14,16, 21, 23, 28, 30, ഫെബ്രുവരി 4, 6 തീയതികളില്‍ (എല്ലാ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ) വൈകുന്നേരം 6.30 ന് സര്‍വീസ് ആരംഭിക്കും. തൃശൂരില്‍ നിന്നും ചെന്നൈക്ക് ജനുവരി 6, 8, 13, 15, 20, 22, 27, 29, ഫെബ്രുവരി 3, 5 തിയ്യതികളില്‍ (എല്ലാ വ്യാഴം, ശനി ദിവസങ്ങളില്‍ ) വൈകിട്ട് 5.30 ന് പുറപ്പെടുന്നതുമാണ്. സീറ്റുകള്‍ ”എന്റെ കെ എസ് ആര്‍ ടി സി” ആപ്പ് വഴി ഓണ്‌ലൈനില്‍ ബുക്ക് ചെയ്യാം. ചെന്നൈയില്‍ നിന്നും തൃശൂരിലേക്കുള്ള എല്ലാ പ്രധാന സ്ഥലങ്ങളിലും ബോര്‍ഡിംഗ് പോയന്റ് ഉണ്ടായിരിക്കും.

