ഉത്തര്‍പ്രദേശിലെ കായിക സര്‍വകലാശാല മേജര്‍ ധ്യാന്‍ചന്ദിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

മീററ്റ്: മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലക്ക് ഉത്തര്‍പ്രദേശിലെ മീററ്റില്‍ തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മേജര്‍ ധ്യാന്‍ചന്ദിന് സമര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുകയാണ് മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാല ലക്ഷ്യമിടുന്നത്.

‘വര്‍ഷാരംഭത്തില്‍ മീററ്റ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുവാക്കള്‍ മറ്റേതൊരു തൊഴില്‍ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണം. കായിക രംഗത്ത് പ്രത്യാശ വെക്കണം. അതാണ് തന്റെ ആഗ്രഹവും സ്വപ്നവും. യോഗി സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് യുപിയില്‍ ക്രിമിനലുകളുടെയും ഗുണ്ടകളുടേയും ഗെയിമാണ് നടന്നുകൊണ്ടിരുന്നത്’- പ്രധാനമന്ത്രി വ്യക്തമാക്കി.

സിന്തറ്റിക് ഹോക്കി മൈതാനം, ഫുട്‌ബോള്‍ മൈതാനം, ബേസ്ബോള്‍, വോളിബോള്‍, ഹാന്‍ഡ്ബോള്‍, കബഡി, ടെന്നീസ് കോര്‍ട്ടുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളം, സൈക്ലിംഗ് ട്രാക്ക്, മള്‍ട്ടിപര്‍പ്പര്‍ ഹാള്‍, ഷൂട്ടിംഗ്, സ്‌ക്വാഷ്, ഭാരോദ്വഹനം, ആര്‍ച്ചറി, കയാക്കിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. 540 വീതം പുരുഷ, വനിതാ താരങ്ങളെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സൗകര്യവും സര്‍വകലാശാലയിലുണ്ടാവും. 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല നിര്‍മ്മിക്കുന്നത്.