21 മന്ത്രിമാര്‍ക്ക് 20 ഔദ്യോഗിക വസതികള്‍; പുതിയ മന്ത്രി മന്ദിരത്തിനുള്ള നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വഴുതക്കാട് റോസ് ഹൗസ് വളപ്പില്‍ ഒരു പുതിയ മന്ത്രി മന്ദിരംകൂടി പണിയുന്നു. പൊതുമരാമത്ത് വകപ്പ് കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരാണുള്ളത്. എന്നാല്‍, നിലവില്‍ 20 പേര്‍ക്കുള്ള ഔദ്യോഗിക വസതി മാത്രമേ ഇപ്പോഴുള്ളൂ. കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ വാടകവീട്ടിലാണ് താമസം. അതിനാല്‍, ഒരു മന്ദിരത്തിന്റെ അപര്യാപ്ത പരിഹരിക്കുന്നതിനായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. ഇതിന് പിന്‍ഭാഗത്തായുള്ള വിശാലമായ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.