സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുതിച്ചുയരുന്നു; കണക്കുകള്‍ പുറത്ത് വിട്ട് ദേശീയ വനിതാ കമ്മീഷന്‍

രാജ്യത്ത് ദിനംപ്രതി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ സംബന്ധിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 31,000 പരാതികളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ്. 2020 ല്‍ 23,722 പരാതികളാണെങ്കില്‍, 2021ല്‍ 31,000 ആയി വര്‍ധിച്ചു.

ഡല്‍ഹിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ രണ്ടാം സ്ഥാനത്ത്. 3,336 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര 1,504, ഹരിയാന 1,460, ബീഹാര്‍ 1,456 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

‘വനിതാ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ആളുകളിലേക്കെത്തിയിരിക്കുന്നു. ഇക്കാരണത്താലാണ് പരാതികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി പുതിയ പദ്ധതികളും കമ്മീഷന്‍ ആവിഷ്‌കരിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ സഹായിക്കുന്നതിനായി ഒരു ഹെല്‍പ് ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്,’- വനിതാ കമ്മീഷന്‍ മേധാവി രേഖ ശര്‍മ പറഞ്ഞു. 2018ല്‍, മീ റ്റൂ ക്യാംപെയ്‌നിന്റെ സമയത്തായിരുന്നു ഒരു മാസത്തില്‍ 3,000ലധികം പരാതികള്‍ ലഭിച്ചിട്ടുള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി.