ടാറ്റൂ ഉണ്ടോ? എങ്കില്‍ ഔട്ട്! ടാറ്റൂ പതിച്ച് കളത്തിലിറങ്ങുന്നത് വിലക്കി ചൈനീസ് ഭരണകൂടം

ടാറ്റൂ പതിച്ച് കളത്തിലേക്ക് ഇറങ്ങരുതെന്ന് ചൈനീസ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങള്‍ ടാറ്റൂ പതിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ചൈനീസ് ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്. ദേശീയ ടീമിലെയും അണ്ടര്‍ 23 ടീമിലെയും കളിക്കാരെ ടാറ്റൂ പതിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിലവില്‍ ആരെങ്കിലും ടാറ്റൂ പതിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകളയുകയോ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജഴ്സി ധരിച്ചോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്‌പോര്‍ട്ട് ഓഫ് ചൈന (ജിഎഎസ്) പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിലാണ് ടാറ്റൂ പതിച്ച് കളത്തിലിറങ്ങുന്നതില്‍ നിന്നും വിലക്കിയിട്ടുള്ളത്. ചൈനീസ് ഫുട്‌ബോള്‍ താരങ്ങളുടെ ക്രിയാത്മക മനോഭാവം പൂര്‍ണ്ണമായി പ്രകടമാക്കി കൊണ്ട് സമൂഹത്തിന് ഒരു നല്ല മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്ന് ജിഎഎസ് തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, അണ്ടര്‍ 20 തലത്തിലുള്ള ഫുട്‌ബോള്‍ താരങ്ങളെ തിരഞ്ഞെടുക്കുമ്പോഴും ടാറ്റൂ പതിപ്പിച്ചവരെ വേണ്ടെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ദേശീയ ടീമുകള്‍ രാജ്യത്ത് വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്കായി ദേശസ്‌നേഹ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും, കൂടുതല്‍ ഉത്തരവാദിത്തയോടെയും അഭിമാനത്തോടെയും രാജ്യത്തെ പ്രതിനിധീകരിക്കാനും ദേശീയ ടീമിന് വേണ്ടി മികച്ച രീതിയില്‍ കളിക്കാനും പോരാടി ജയങ്ങള്‍ നേടാനും പ്രാപ്തരായ ടീമിനെ വാര്‍ത്തെടുക്കണമെന്നും ജിഎഎസ് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.