കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തിലെ മഞ്ഞുരുകലില്‍ പതിന്മടങ്ങ് വര്‍ധനയെന്ന്‌ പഠനം

ഹിമാലയത്തിലെ മഞ്ഞുരുകല്‍ പതിന്മടങ്ങ് വര്‍ധിക്കുന്നുവെന്ന് ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ഹിമാലയത്തിലെ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നതായാണ് കണ്ടെത്തിയത്. കാലാവസ്ഥാവ്യതിയാനമാണ് കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണമെന്നും കണ്ടെത്തി.

ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകി ബ്രഹ്മപുത്ര, ഗംഗ, സിന്ധു എന്നീ നദികളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുവരെ കാണാത്ത മാറ്റങ്ങള്‍ക്കാണ് ഇവിടുത്തെ ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് പഠനത്തിന്റെ സഹരചയിതാവ് ഡോ.സൈമണ്‍ കുക്ക് പറഞ്ഞു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗത മുഴുവന്‍ രാജ്യങ്ങളിലും പ്രദേശങ്ങളിലും വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കുക്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് മഞ്ഞുരുകലില്‍ പത്തുമടങ്ങോളം വര്‍ധനവുണ്ടായിട്ടുളളതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ജൊനാഥന്‍ കാരിവിക് ചൂണ്ടിക്കാട്ടി. മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് 0.92 മില്ലിമീറ്റര്‍ മുതല്‍ 1.38 മില്ലിമീറ്റര്‍ വരെ ഉയരുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.