കെ-റെയില്‍: പ്രതിഷേധം ശക്തം; വീടുകളില്‍ നേരിട്ടെത്തി വിശദീകരിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ ജനപിന്തുണ ലഭ്യമാക്കാന്‍ പ്രചരണ പരിപാടികളുമായി സിപിഎം. പദ്ധതിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി ഉള്‍ക്കൊള്ളിച്ച ലഘുലേഖകളുമായിട്ടാണ് സിപിഎം പ്രചാരണത്തിനിറങ്ങുന്നത്. എല്ലാ വീടുകളിലും കയറി ഇറങ്ങി ലഘുലേഖ വിതരണം ചെയ്യാനാണ് തീരുമാനം. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതിനെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം രംഗത്തെത്തിയിരിക്കുന്നത്.

63,941 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഒരു ലക്ഷം കോടിയിലേറെ രൂപ ചെലവ് വരുമെന്ന് ചിലര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു. മൂലധന ചെലവുകള്‍ക്കായി കടമെടുക്കാതെ രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ട് പോകാനാകില്ലെന്നും ലഘുലേഖയില്‍ വ്യക്തമാക്കുന്നു. കെ റെയില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ല, തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പരമാവധി സംരക്ഷിക്കും. പ്രധാനപ്പെട്ട ആരാധനാലയങ്ങളോ മറ്റു പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രങ്ങളോ കെ റെയിലിനായി പൊളിച്ചുമാറ്റേണ്ടിവരില്ല. 9314 കെട്ടിടങ്ങള്‍ മാത്രമാണ് ഒഴിപ്പിക്കേണ്ട വരിക. ഇവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുമെന്നും സിപിഎം പ്രചരണത്തില്‍ പറയുന്നു.

അതേസമയം, പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടിക്കെട്ട് ശ്രമിക്കുന്നുവെന്നും ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. 2016ല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി കെ റെയില്‍ പദ്ധതിക്ക് ധാരണപത്രം ഒപ്പുവെച്ചതാണ്. എന്നാല്‍, കേന്ദ്രം സഹായം നല്‍കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ പദ്ധതിക്കാവശ്യമായ തുക വായ്പയിലൂടെ കണ്ടെത്താനാണ് കേരള സര്‍ക്കാരിന്റെ ശ്രമം.