കിഴക്കമ്പലം അതിക്രമം; കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് കിറ്റെക്സ് എംഡി

കൊച്ചി: കിഴക്കമ്പലം അതിക്രമത്തിൽ വിശദീകരണവുമായി കിറ്റക്സ് എം.ഡി. സാബു ജേക്കബ്. സംഭവത്തിൽ കുറ്റക്കാർ നാൽപതിൽ താഴെ പേർ മാത്രമാണെന്നും എന്നാൽ 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോലീസ് വാഹനം തീവെച്ചു നശിപ്പിച്ചയാളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി പോലീസിനെ ഏൽപിച്ചത്. പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കേസിൽ കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. കമ്പനി തൊഴിലാളികൾക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഈ സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന മറ്റൊരു വിഭാഗം എല്ലാവരും ഉറങ്ങുന്ന സമയത്ത് കാരൾ നടത്തുന്നതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് ഈ തർക്കം രൂക്ഷമാകുകയും സ്ഥിതിഗതികൾ വഷളാകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.

എന്നാൽ സംഭവ സ്ഥലത്തേക്കെത്തിയ ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചു വിട്ടു. നാട്ടുകാരാണ് പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടാൻ സഹായിച്ചത്. പൊലീസ് പിന്മാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിക്കുകയും ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ അടിച്ച് തകർത്തിട്ടുമുണ്ട്.