ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെയാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കൊലപാതകം രണ്ട് മാസം മുൻപാണ് ആസൂത്രണം ചെയ്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട പ്രവർത്തകന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനെ കൊന്നതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യാനായി രണ്ടു മാസം മുൻപ് തന്നെ രഹസ്യ യോഗം ചേർന്നിരുന്നു. ഡിസംബർ 15 നും യോഗം ചേർന്നുിരുന്നുവെന്നും കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചിരുന്നു. ചില നേതാക്കൾക്ക് ഇക്കാര്യം അറിയാമെന്നുമാണ് റിപ്പോർട്ടിലുണ്ട്.
ഷാനിനെ കൊലപ്പെടുത്തിയ ശേഷം രണ്ട് സംഘങ്ങളായി കൊലയാളികൾ രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായവും ലഭിച്ചിരുന്നു. 16 പ്രതികളാണ് ആകെ പ്രതിപട്ടികയിലുള്ളതെന്നും പോലീസ് അറിയിച്ചു.

